30/10/25
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ 'ശ്രം ശക്തി നീതി 2025' പുതിയ കരട് അങ്ങേയറ്റം തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതുമാണെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കരട് നയം ഉടനടി പിൻവലിക്കണമെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു നയരേഖയ്ക്ക് ആധാരമായി ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം 'മനുസ്മൃതി' പോലുള്ള പ്രാചീന ഗ്രന്ഥങ്ങളെയും രാജധർമ്മം, ശ്രമ ധർമ്മം തുടങ്ങിയ സങ്കൽപ്പങ്ങളെയും ഉദ്ധരിക്കുന്നത് അങ്ങേയറ്റം അപലപനീയവും പിന്തിരിപ്പനുമാണ്. ഇത് തൊഴിലാളികളെ അവകാശങ്ങളുള്ള പൗരന്മാർ എന്ന നിലയിൽ നിന്ന് വിധേയത്വമുള്ള അടിയാളർ എന്ന നിലയിലേക്ക് താഴ്ത്താനുള്ള ഗൂഢശ്രമമാണ്. ജാതി അധിഷ്ഠിത തൊഴിൽ വിഭജനത്തെ ന്യായീകരിക്കുന്ന ഇത്തരം ആശയങ്ങൾ തിരികെ കൊണ്ടുവരുന്നത് സാമൂഹ്യനീതിക്ക് എതിരാണ്.