21/03/2026
Albin T John
മുളങ്കുന്നത്തുകാവ് : വീട്ടിൽ പ്രസവിച്ച എടക്കഴിയൂർ കല്ലുവളപ്പിൽ ഇബ്രാഹിമിന്റെ ഭാര്യ മുഹസിനയുടെ (37) മരണത്തിലേക്കു നയിച്ചത് പ്രസവ സമയത്തുണ്ടായ പിഴവുകളാണെന്നു പോസ്റ്റ്‌മോർട്ടത്തിൽ വ്യക്‌തമായി. പ്രസവം അശാസ്ത്രീയമായ രീതിയിൽ നടത്തിയതിനെ തുടർന്നു ഗർഭപാത്രത്തിലും ജനനേന്ദ്രിയത്തിലും ഉണ്ടായ മുറിവും രക്‌തസ്രാവവും അണുബാധയുമാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.
ഫൊറൻസിക് വിഭാഗം മേധാവി ഡോ. ടി.എസ്.ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ 4 മണിക്കൂറെടുത്താണ് പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. പ്രസവ ശേഷം പ്ലാസൻ്റ ഉൾപ്പെടെയുള്ളവ ഗർഭപാത്രത്തിൽ അവശേഷിച്ചതിനെ തുടർന്നാണു പഴുപ്പും അണു ബാധയും ഉണ്ടായതെന്നാണ് നിഗമനം. ശരീരത്തിൽ പഴുപ്പു വ്യാപിച്ചിരുന്നു. മതിയായ സമയത്ത് ചികിത്സ ലഭിക്കാത്തതാണ് മുറിവുകൾ പഴുക്കാനും അണുബാധയുണ്ടാകാനും കാരണമായത്. ദേഹത്ത് പലയിടത്തും അക്യുപംക്‌ചർ നടത്തിയ വൃത്താകൃതിയിലുള്ള സൂചിക്കുത്തുകളുടെ പാടുകൾ ഉണ്ടായിരുന്നു.